Tuesday, November 27, 2012

അമ്മൂമ്മ ആറു കാഴ്ചകള്‍ക്കു വേണ്ടി...


എന്റെ ഈ പ്രായത്തിൽ ഞാൻ പെൺകുട്ടികളെ കാണുമ്പോൾ അവർ കാമത്തിന്റെ അഗ്നിയിലേക്ക് വന്നു വീഴുന്ന ഇന്ധനം പോലെയാണ്. പെൻഡ്രൈവിലും ഹാർഡ് ഡിസ്ക്കിലുമായി അവ സൂക്ഷിക്കാൻ എന്റെ സമയുവത്വവും ഞാനും ഓടി നടക്കുകയാണ്. മൊബൈൽ ടവറുകളിൽ നിന്ന് ടവറുകളിലേക്ക് പറക്കുന്ന പ്രാവുകൾക്ക് പെൺകുട്ടികളുടെ ശബ്ദമാണ്. ഈ മൊബൈൽ യുഗത്തിനു മുമ്പ് ജനിച്ച് ജീവിച്ച് മൊബൈൽ യുഗത്തിൽ മരിച്ച ഒരു സ്ത്രീയെ കണ്ട ആറു കാഴ്ചകൾ. ഇതിൽ സംഭവം ഒന്നുമില്ല... സംഗതിയും ടെമ്പോയും ഇല്ല.

ആദ്യകാഴ്ച  (തീയതി ഓർമ്മയില്ല)
ആ അമ്മൂമ്മയ്ക്ക് മൂന്നു പെൺമക്കളും ഒരു മകനും, മക്കൾക്കൊക്കെയായി 8 പെൺകുട്ടികളും കൂടി സ്ത്രീ സാന്ദ്രത കൂടിയ ഒരു വംശാവലിയും ഉണ്ടായിരുന്നു. ഞാനവരെ കാണുന്നത് അവരുടെ എഴുപതാമത്തെ വയസ്സിലാണ്. അന്ന് ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു അമ്മൂമ്മ. അമ്മൂമ്മയും ഭർത്താവും കൂടി കട്ടൻകാപ്പിയും കുടിച്ച് ഒരൊറ്റമുറിയിൽ താമസിക്കുകയായിരുന്നു. എനിക്ക് അവരോടുള്ള ഇഷ്ടം വംശാവലിയിൽ സ്ത്രീകൾ കൂടിയതു കൊണ്ടായിരുന്നില്ല. ഞാനേറെ ഇഷ്ടത്തോടെ വായിച്ച പാലേരി മാണിക്യം എന്ന നോവലിലെ മാണിക്കത്തെക്കുറിച്ച് അവർക്കുള്ള അറിവായിരുന്നു.

മാണിക്യത്തെക്കുറിച്ച് കെട്ടുകഥകളായിരുന്നു പറയാനുള്ളതെങ്കിലും അതു കേൾക്കാൻ ഒരു രസമുണ്ടായിരുന്നു. അത്തരം കെട്ടുകഥകൾ അവർ പറയുമ്പോൾ ആ അപ്പുപ്പൻറെ ചുമ വളരെ ഉച്ചത്തിൽ ഉയർന്നു കേൾക്കാമായിരുന്നു. അദ്ദേഹത്തിന്റെ ഒട്ടിക്കിടക്കുന്ന നെഞ്ച് ഉയർന്നു താഴുന്നത് സ്വന്തം മകന്റെ ചെയ്തികൾ ഓർത്താവാം എന്നു ഞാൻ ചിന്തിച്ചു. ഞങ്ങൾ ഇത്തരം സംസാരങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നോട്ടം മകൻ പൊളിച്ചു കളഞ്ഞ ആ പഴയവീടിൻറെ തറയിലേക്കായിരുന്നു. തന്റെ വിയർപ്പിനാൽ കെട്ടിപ്പൊക്കിയത് മകൻ അവൻറെ ശരീരശക്തി ഉപയോഗിച്ച് തകർത്തുകളഞ്ഞതിനേക്കുറിച്ച് ചിന്തിച്ചിരിക്കും.

രണ്ടാം കാഴ്ച (തീയതി ഓർമ്മയുണ്ട് വർഷം ഓർമ്മയില്ല)
അപ്പൂപ്പൻ മരിച്ചു കിടക്കുമ്പോൾ ഞാൻ പോയപ്പോഴായിരുന്നു. അമ്മൂമ്മയെ രണ്ടാമത് കാണുന്നത്. അവരുടെ ഒട്ടിയ കണ്ണുകളിൽ കൂടി ഊർന്നു വീഴുന്ന കണ്ണുനീരിൽ ഒറ്റപ്പെടലിൻറെ വേദന ഞാൻ കണ്ടു. ഒരിക്കൽ തന്റെ മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്തോഷിച്ച... സന്തോഷിപ്പിച്ച തന്റെ നാല് മക്കളുടെ സൃഷ്ടാവ് മരവിച്ച ശരീരമായി മുന്നിൽ കിടക്കുന്നു. ഇനി ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യത്തിലേക്കാവും ഇറങ്ങേണ്ടി വരിക എന്നത് ഒറ്റപ്പെടലിന്റെ കണ്ണുനീർത്തുള്ളികളുടെ കൂടെ ഇറ്റു താഴേക്ക് വീഴുന്നുണ്ടായിരുന്നു. കൂടെ ഉച്ചത്തിൽ കരയുന്ന പെൺമക്കളുടെ ശബ്ദത്തിന്റെ കൂടെ സുന്ദരികളായ എട്ട് കൊച്ചുമക്കളുടെ കരച്ചിലും കേൾക്കാമായിരുന്നു.

മൂന്നാം കാഴ്ച (വർഷം ഓര്]മയുണ്ട് മാസവും തീയതിയും ഓര്]മയില്ല)
പെൺമക്കളിൽ ഒരാളുടെ വീട്. ഓ.. അമ്മമ്മ വളരെ സന്തോഷമായി അവിടെ കഴിയുന്നു. ഞാൻ ചോദിച്ചു. എന്താ അമ്മേ സ്വന്തം വീട്ടിലേക്കൊന്നും പോകുന്നില്ലേ.. ഇല്ല മോനേ അവിടെ ആരെ കാണാനാ.. ഓന് ഓന്റെ (മകനെ ഉദ്ദേശിച്ച്) തിരക്കുണ്ടാവൂലേ.. ഇബ്ടെപ്പം ഓൻ തരുന്ന കാശ് കൊണ്ടാ ഞാങ്കയ്യുന്നേ ന്റെ മോൻ പാവാ.. ഓളാ, (മകന്റെ ഭാര്യയെ ഉദ്ദേശിച്ച്).

നാലാം കാഴ്ച (തീയതി ഒരുപിടുത്തോം കിട്ടുന്നില്ല)
കോഴിക്കോട് മെഡിക്കൽ കോളേജ്. മെലിഞ്ഞ് സുന്ദരിയായിരുന്ന അമ്മൂമ്മ ശരീരം മുഴുവൻ നീരുവന്ന് തടിച്ചു കിടക്കുന്നു. രക്തത്തിൽ എന്തോ ഒന്ന് കുറഞ്ഞുപോയതാണത്രെ.. ഇപ്പോൾ മാസത്തിൽ രക്തം കയറ്റിക്കൊടുക്കണം. അല്ല അമ്മമ്മേ എങ്ങനേണ്ട് സുഖാണോ? എന്റെ ചോദ്യത്തിന് പഴയ അതേ ചിരി നൽകി കൊണ്ട് അമ്മൂമ്മ മറുപടി പറഞ്ഞു. ഇത് പോക്കാ മോനേ ..

അഞ്ചാം കാഴ്ച (രണ്ടു മാസം മുമ്പ്)
പെൺമക്കളിൽ മറ്റൊരാളുടെ വീട്. സംസാരിക്കാൻ പോലും കഴിയാതെ അമ്മൂമ്മ കിടക്കുന്നു.  പെൺമക്കള് അവരുടെ അമ്മയെ നന്നായി നോക്കുന്നു. എന്നോട് അമ്മൂമ്മ കണ്ണുകൾ കൊണ്ട് സംസാരിച്ചു. ഞാനും തിരിച്ചു കണ്ണുകൾ കൊണ്ട് തന്നെ സംസാരിച്ചു. അപ്പോൾ പെൺമക്കളിൽ 'എ'  അമ്മേടെ കാര്യം കഷ്ടത്തിലാണ്. ഞാൻ മനസ്സിൽ പറഞ്ഞു എല്ലാരുടെയും കാര്യം കഷ്ടത്തിലാണ്. 

ആറാം കാഴ്ച അഥവാ അവസാന കാഴ്ച (ഇന്നലെത്തന്നെ)
വെളുത്ത തുണിയിൽ ആ മെലിഞ്ഞ ശരീരം പൊതിഞ്ഞിരിക്കുന്നു. രണ്ടാം കാഴ്ചയിലെ ചുറ്റുപാടുകൾ ആവർത്തിക്കുന്നു. ഞാൻ പതിയെ പുറത്തിറങ്ങി. മേലെപറമ്പിൽ കുഴി വെട്ടുന്ന ശബ്ദം. എന്റെ മനസ്സിൽ ഒരു സ്ത്രീയുടെ കുട്ടിക്കാലവും കൗമാരവും യൗവനവും വാർധക്യവും പല്ലിളിച്ചു കൊണ്ടു നിന്നു.