Saturday, October 1, 2011

അവനും തീവ്രവാദി


എല്ലാ മുസ്ലിംങ്ങളും തീവ്രവാദികളാണത്രെ..! അപ്പോൾ..!

ചെറുപ്പത്തിൽ ഒരു പിടി ചോറ് തന്ന, നോമ്പ് കാലങ്ങളിൽ തരിപ്പായസം തന്ന മറിയച്ചയും (ഞാൻ അങ്ങനെയാണ് വിളിക്കുന്നത്) തീവ്രവാദി തന്നെ...

കയ്യിൽ പത്തു പൈസ ഇല്ലാതെ ഒരു നട്ടുച്ചനേരത്ത് വിശന്നിരിക്കുമ്പോൾ കടല മിഠായി വാങ്ങിത്തന്ന മുനീറും തീവ്രവാദി തന്നെ (അല്ലേലും അവനെ എനിക്ക് അന്നേ സംശയമുണ്ട് അവൻ ഇടയ്ക്കിടയ്ക്ക് എനിക്ക് മിഠായി വാങ്ങിത്തരുന്നത് എന്നെയും തീവ്രവാദത്തിലേക്കാകർഷിച്ച് മതം മാറ്റിച്ച് എന്നെ കാശ്മീരിൽ കൊണ്ടുപോയി കൊല്ലിക്കാനല്ലേ... നിഗൂഢമായ അജണ്ട)

പ്സസ് വണ്ണിനു പഠിക്കുമ്പോൾ ബൈക്കോടിക്കാൻ പഠിപ്പിച്ച നൗഷാദും തീവ്രവാദി തന്നെ.. (ബൈക്കിൽ പോയി ആളെ കൊല്ലാൻ വേണ്ടിയുള്ള ട്രെയിനിംഗ ് തന്നതാണ്..)

16 വയസ്സുള്ളപ്പോൾ തന്നെ പാർട് ടൈം ജോലിയും ഭക്ഷണവും തന്ന ഷാജിക്കയും തീവ്രവാദി തന്നെ... (ട്രെയിനിംഗ്...! ട്രെയിനിംഗ്...!)

അർധരാത്രി 12 മണിക്ക് കോഴിക്കോടങ്ങാടിയിൽ പെട്ടുപോയ എന്റെ മുന്നിലേക്ക് കാറുമായി വന്നുപെട്ട ജമാലിക്കയും തീവ്രവാദി തന്നെ... (താടി വെച്ചിട്ടുണ്ട് സംശയിക്കേണ്ട)

ഇപ്പോൾ ഫെയ്സ്ബുക്ക് വഴി സ്നേഹത്തിന്റെ നിറകുടങ്ങളായി മാറിയവരും തീവ്രവാദികൾ തന്നെ...

എന്തും ഏതും തീവ്രവാദമാകുന്ന ഈ കാലഘട്ടത്തിൽ സ്നേഹം നിറഞ്ഞ എന്റെ മുസ്ലിം സുഹൃത്തുക്കളെ ദൈവം കാത്തുരക്ഷിക്കട്ടെ..കമന്റ്: കോഴിക്കോട് എയർപോർട്ടിൽ നിന്ന് സൗദിയേലേക്ക് ഫ്ലൈറ്റ് കയറാൻ പോയ മൊയ്തീൻക്കയോട് ഒരു പോലീസുകാരൻ എന്താ പേര് എന്നു ചോദിച്ചു അപ്പോൾ മൊയ്തീൻക്ക..
മൊയ്തീൻ പിള്ളനായർ... (? What an idea..?)

Tuesday, June 7, 2011

മാന്യതയുടെ ലോകം


കോഴിക്കോട് നിന്നും ജോലിസ്ഥലമായ കൊച്ചിയിലേക്ക് പോകാൻ ഇന്ത്യൻ റെയിൽവേ എന്നോട് കൃത്യം 118 രൂപ ഈടാക്കാറുണ്ട്. അവരുടെ വണ്ടി, അവരുടെ ഇഷ്ടം. നമ്മളതൊന്നും ചോദ്യം ചെയ്യാൻ പോകുന്നില്ല. പക്ഷേ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കയറി ഒരു ടിക്കറ്റെടുക്കണമെങ്കിലുള്ള കഷ്ടപ്പാട് ഒന്നു വേറെ തന്നെ. ടിക്കറ്റ് കിട്ടാൻ വേണ്ടി ഒരു നീണ്ട ക്യൂ...... നീളം അന്നോടുന്ന മുഴുവൻ ട്രെയിനിന്റെ ബോഗികളുടെ എണ്ണത്തെ കവച്ചു വെക്കും ഇത്തരം ഒരു നാല് കൗണ്ടറുകൾ...!!! ഒരാൾക്ക് ഒരു ടിക്കറ്റ് കൊടുക്കാൻ ഏതാണ് 2-3 മിനിട്ട് എടുക്കും. കൗണ്ടറിലിരിക്കുന്ന വയസ്സായ ഒരു കാർന്നോര് വളരെ പതിയെ അങ്ങേരുടെ കയ്യിൽ കിട്ടുന്ന കാശ് ഒന്നു നോക്കി തിരിച്ചും മറിച്ചും പിടിച്ച്...,,, പിന്നെ വളരെ വളരെ പതുക്കെ കംപ്യൂട്ടറിന് വേദനിക്കുമോ ഈശ്വരാ എന്നു വിചാരിച്ച് ഒന്ന് പതിയെ അങ്ങട്ട് ഞെക്കും അപ്പഴ് ഒരു റെസീറ്റ് പ്രിന്ററിന് നോവുമല്ലോ കർത്താവേ എന്നു പ്രാർത്ഥിച്ച് പുറത്തോട്ട് വരും അത് പുള്ളിക്കാരൻ എടുത്ത് ആകാശത്തോട്ട് പിടിച്ച് ഒന്നു നോക്കി ബാക്കി കാശ് ഡ്രോയിൽ നിന്നെടുത്തതിനു ശേഷം രശീതി പുള്ളിക്കാരൻ പതിയെ നമ്മടെ കയ്യിലോട്ട് തരും. ഇത്രയും കാര്യം നടന്നാൽ പിന്നെ പ്ലാറ്റ്ഫോമിലോട്ട് ഓടിക്കോളുക... കാരണം അപ്പോഴത്തേക്കും ട്രെയിൻ പോകാൻ നേരമായിരിക്കും. എത്ര നേരത്തേ വന്നാലും ഇതു തന്നെ സ്ഥിതി.
ഈ ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് ഞാൻ അവിടെക്കിടന്ന പാസഞ്ചറിലേക്ക് ചാടിക്കയറി. ഹോ ഭാഗ്യം.. സീറ്റുകൾ ഒട്ടുമുക്കാലും ഒഴിഞ്ഞു കിടക്കുന്നു. നേരെ ചെന്ന് വിൻഡോ സൈഡിൽ അങ്ങട് ഇരുന്നു. അപ്പോൾ ഒരു ചേട്ടനും ചേച്ചിയും പിന്നെ ഒരു കൊച്ചുമോളും വന്ന് എന്റെ എതിർവശത്തിരുന്നു. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങിയിരുന്നു. കോഴിക്കോടിന്റെ മനോഹരമായ കാഴ്ചകൾ പുറകോട്ട് തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു.കടലുണ്ടി പാലം കഴിഞ്ഞു മുന്നോട്ട് .... അപ്പോഴത്തേക്കും മഴ പെയ്തു തുടങ്ങി. ഞാൻ എന്റെ സൈഡിലെ ഗ്ലാസ് താഴ്ത്തി വെച്ചു. മഴ ശക്തിയാർജ്ജിച്ചു വരികയാണ്.
തൊട്ടു മുമ്പിലിരിക്കുന്ന കുട്ടി കൈകൾ വിൻഡോയുടെ പുറത്തേക്കിട്ട് മഴയത്ത് കളിക്കുകയാണ്. അവളുടെ അച്ഛനും അമ്മയും അധികം സംസാരിക്കാതെ ആ കുട്ടിയുടെ കളികൾ കണ്ടു കൊണ്ടിരിക്കുന്നു. മഴത്തുള്ളികൾ എന്റെ മുഖത്തേക്കും ശരീരത്തെയും ഇടയ്ക്കിടെ വന്ന് നനയ്ക്കുന്നു.
ചേട്ടാ ആ ഗ്ലാസ് ഒന്നു താഴ്ത്തി വെക്കാമോ ? മഴ ദേഹത്ത് വീഴുന്നു. ഞാൻ കുട്ടിയുടെ അച്ഛനോട് പറഞ്ഞു. അപ്പോൾ അങ്ങേര് എന്നെ ഒരു നോട്ടം. പിന്നെ എന്നോട് പറഞ്ഞു. ഇതേയ് ഞാൻ റിസർവ്വ് ചെയ്ത സീറ്റാ എന്റെ മോൾക്ക് ഇഷ്ടമുള്ളത് പോലെ കളിക്കാൻ.
ഹും. റിസർവ്വ് ചെയ്തവർക്ക് ഇങ്ങനെ അഹങ്കാരവും ഉണ്ടാകുമോ..? എന്റെ സ്വഭാവം വളരെ നല്ലതും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും വെച്ച് ഒരു ഏറ്റുമുട്ടലില്ലാതെ ഒഴിവാക്കി കളയാം. കുറച്ച് നനഞ്ഞാലും ഒന്നും പറ്റാനില്ലല്ലോ.. ങ്ഹാ.. ഞാനതും വിചാരിച്ച് ഇരുന്നു.
അപ്പഴ്ത്തേക്കും കുട്ടി അടുത്ത കളിയിലേക്ക് മാറി. അതാ അവൾ വെള്ളമെടുത്ത് കൈക്കുമ്പിളിലാക്കിയിട്ട് എന്റെ മുഖത്തേക്ക് കണക്കാക്കി എറിയുന്നു. എന്റെ സർവ്വ നിയന്ത്രണവും പോയി. ഞാനാ കുട്ടിയുടെ അച്ഛന്റെ നേരെ ഒരൊറ്റ നോട്ടം തീപാറുന്ന നോട്ടമായിപ്പോയോ എന്നൊരു സംശയമുണ്ട്. ഞാൻ ചോദിച്ചു. ചേട്ടാ കുട്ടിയെ കുറച്ചു ഒതുക്കി വളർത്തരുതോ ? (ചോദിക്കാൻ കാരണമുണ്ട്. ഈ കുട്ടിക്ക് ഒരു പത്തു പന്ത്രണ്ട് വയസ്സു വരും ഈ പ്രായത്തിൽ ഇങ്ങനത്തെ കളി കളിക്കാൻ പാടുണ്ടോ)
ഇത് കേട്ടതും അയാൾ ആ കുട്ടിയോട് അടങ്ങിയിരിയെടീ... എന്നു പറഞ്ഞ് ഒരൊറ്റ അടിയാണ്. പിന്നെ ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് എണീറ്റുപോയി. കുട്ടി കരച്ചിലും തുടങ്ങി. അപ്പോൾ ആ ചേച്ചി ആദ്യമായി എന്റെ മുഖത്തേക്ക് നോക്കി. പിന്നെ എന്നോട് പറഞ്ഞു. സുഖമില്ലാത്ത കുട്ടിയാ അതാ.... പുള്ളിക്കാരൻ വിഷമം കൊണ്ടാണ് ഇങ്ങനെയൊക്കെ... ഇതു കേട്ടതും എന്റെ ഫ്യൂസ് പോയി. ഞാനാ കുട്ടിയുടെ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കി ഹേയ്, കുഴപ്പമൊന്നും തോന്നുന്നില്ല.
ചേച്ചീ എന്താ കുട്ടിക്ക് പ്രശ്നം? ..
അവൾക്ക് തൊണ്ടയിൽ ചെറിയ ഒരു... ഞങ്ങൾ തിരുവനന്തപുരത്തേക്ക്.. (അതേ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ) എന്റെ മനസ്സിൽ ഒരു വൈക്കോൽകൂന കത്തിയമർന്നു.. ഞാൻ ഭൂമിയോളം ചെറുതായി... ]ഞാനാ കുട്ടിയുടെ മുഖത്തേക്ക് നോക്കി. പെയ്തു തീരുന്ന മഴയുടെ അവസാനത്ത തുള്ളികളെ വിരൽതുമ്പുകൾ കൊണ്ട് ശേഖരിക്കുകയാണ് ആ മോൾ. പാവം... കൂടിയാൽ 12 വയസ്സ് ... ഞാനോ...? ദൈവം എന്നെ 23 വയസ്സു വരെ എത്തിച്ചിരിക്കുന്നു. ആ ഞാൻ പറയരുതാത്ത വർത്തമാനമായിപ്പോയി. കുട്ടീ നിന്നോട് ഞാൻ മാപ്പ് ചോദിക്കുന്നു. അവിടം തൊട്ട് എറണാകുളത്തിറങ്ങുന്നതുവരെ ഞാൻ നിശ്ശബ്ദം മാപ്പ് ചോദിച്ചു. ഇനി ഒരിക്കലും കാരണമറിയാതെ ക്ഷോഭിക്കരുത് എന്ന് എന്നെ ദൈവം പഠിപ്പിച്ചിരിക്കുന്നു.

Saturday, May 28, 2011


മദ്യപാനത്തിന്റെ ദൂഷ്യ? ഫലങ്ങൾമനുവേയ്.. ടാ മനൂ...
രാവിലെ തന്നെ വിനോദാണല്ലോ... ഇവൻ ഉറങ്ങാനും സമ്മതിക്കുകയില്ല. ഇന്നലെ ഇന്റർനെറ്റിൽ കയറിയിറങ്ങി നേരം വൈകിയാണ് ഉറങ്ങിയത്. അൽപ്പനേരം കൂടി കിടക്കാമെന്നു വെച്ചപ്പോൾ....

എടാ മനൂ.......
പിന്നെയും വിനോദ്.

എന്താടാ..? ഞാനെണീക്കുന്നതേ ഉള്ളൂ..
മനുവേ ഇന്ന് നമ്മുടെ പ്രജീഷും ടീമും കൂടി വയനാട്ടിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട് നീയും വരണം നീയാണ് ഞങ്ങടെ തേരാളി.
എടാ അതിപ്പം ഞാൻ...
നീയൊന്നും പറയണ്ട നിന്റെ വിനോദാണ് പറയുന്നത് നീ വന്നേ പറ്റൂ.
രക്ഷയില്ല..! ഇനി എന്തു പറഞ്ഞാലും അവൻ സമ്മതിക്കില്ല. പോയേ പറ്റൂ. അങ്ങനെ പ്രജീഷിന്റെ വണ്ടിയിൽ വയനാടിനെ ലക്ഷ്യമാക്കി പറന്നു. വാഹനം തൊട്ടിൽപ്പാലം ചുരം കയറിത്തുടങ്ങി. വണ്ടിയിൽ ഞാൻ, വിനോദ്, പ്രജീഷ്, സന്തോഷ്, സുരേഷ് ഏതാണ്ട് പകുതിയെത്തുമ്പോഴേക്കും പ്രജീഷിന്റെ ഉത്തരവ് വന്നു.
ടാ മനൂ, നീ വണ്ടിയൊന്ന് സൈഡാക്കിയേ., രണ്ട് പെഗ്ഗ് അടിക്കട്ടെ.
തുടങ്ങി.... വയനാട് കാണുക എന്നല്ല ലക്ഷ്യം വെള്ളമടി പരമാവധി പരിപോഷിപ്പിച്ച് സർക്കാരിന് എങ്ങനെ കാശുണ്ടാക്കി കൊടുക്കാം എന്നുള്ളതാണ്. സാധാരണഗതിയിൽ ഇവൻ തന്നെയാണ് വണ്ടിയോടിക്കാറ് മദ്യപിച്ച് വാഹനമോടിച്ച് ഫൈൻ കൂടെ സർക്കാരിലേക്ക് മുതൽക്കൂട്ടാക്കിത്തുടങ്ങിയതിൽ അവന് യാതൊരു പ്രശ്നവുമില്ലായിരുന്നു. പക്ഷെ ഞങ്ങൾ കൂട്ടുകാരാണ് കുടുങ്ങിയത്. ഇവനെ ജാമ്യത്തിലിറക്കാൻ പോലീസ് സ്റ്റേഷനിൽ ഞങ്ങൾ തന്നെ പോണം. അങ്ങനെയാണ് മദ്യപിക്കാത്ത എന്നെ തേരാളിയാക്കിയത്.
വണ്ടിയിലിരുന്നു തന്നെ അവർ നാലുപേരും കൂടി ഒരു ഫുൾബോട്ടിൽ തീർത്തു. ഉടനെ വന്നു പ്രജീഷിന്റെ അടുത്ത ഉത്തരവ്.
വണ്ടി നേരേ ബാണാസുരയിലേക്ക് പോട്ടേ...
ബാണാസുര സാഗർ അണക്കെട്ട്. വയനാടിന്റെ മറ്റൊരു പ്രത്യേകത. വെള്ളമടിക്കാൻ ഏറ്റവും രസകരം വയനാട് ആണ്. വയനാട് എത്തിയാൽ ഇത്തരം മനോഹരങ്ങളായ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതിലുപരി നല്ല പെൺകുട്ടികളെ കമന്റിടുക എന്നതാണ് ഇവരുടെ ഒരു നിഗൂഢ ലക്ഷ്യം. ബാണാസുര സാഗറിലെത്തുമ്പോൾ സമയം 1 മണി ആയിരുന്നു. അണക്കെട്ടിന്റെ പുറത്ത് വാഹനം പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി. ധാരാളം ടൂറിസ്റ്റുകൾ. വയനാടിന്റെ ഏതുഭാഗത്തു പോയാലും സജീവമായി ടൂറിസ്റ്റുകൾ ഉണ്ടാവും. ടൂറിസ്റ്റ് ജില്ലയാണോ വയനാട് എന്നെനിക്കു സംശയം തോന്നിയിട്ടുണ്ട്.
ഞാൻ തീരെ മദ്യം കഴിച്ചിട്ടില്ല. എന്നാൽ പ്രജീഷിന്റെയും സുരേഷിന്റെയും സ്ഥിതി വളരെ കഷ്ടമാണ്. പുഴവക്കിലെ തെങ്ങുപോലെയാണ് കാലുറച്ചു നിൽക്കുന്നു ഉടൽ ആടുന്നു. വിനോദും സന്തോഷും ഏതാണ്ട് ചെറിയ രീതിയിലെ കഴിച്ചുള്ളൂ എന്നു തോന്നുന്നു. വലിയൊരു കുഴപ്പമില്ല ആശ്വാസം.
അപ്പോൾ ഒരു ഒരു ബസ്സിൽ കുറേ കോളേജ് കുട്ടികൾ വന്നിറങ്ങി. പ്രജീഷിന്റെ മദ്യപാനം കഴിഞ്ഞാൽ പിന്നെയുള്ള വീക്ക്നെസ്സ് പെണ്ണു തന്നെ. മദ്യപിച്ചാൽ പിന്നെ പെൺവിഷയത്തിൽ ആശാന് വല്യ താൽപര്യമാണ്. ഇതാ ആ ബസിൽ നിന്നും ധാരാളം പെൺകുട്ടികളും പുറത്തേക്കിറങ്ങുന്നു. പ്രജീഷ് തൻറെ അടഞ്ഞുപോകുന്ന കണ്ണുകൾ വലിച്ചു തുറന്ന് നോക്കി. ധാരാളം തരുണീമണികൾ..!!!!! ആശാന്റെ തരിപ്പ് അതിന്റെ മൂർധന്യത്തിലെത്തി പുള്ളി ഇപ്പോൾ വളരെ കഷ്ടപ്പെട്ട് നേരെ നിന്നു അങ്ങട്ട് വിശാലമായി നോക്കിത്തുടങ്ങി. അതിൽ നിന്നും ഗ്രാമീണ സൗന്ദര്യപ്രതീകം പോലെ ഒരു പെൺകുട്ടി പുറത്തിറങ്ങി.
പിന്നെ പ്രജീഷ് ഞങ്ങളെ നോക്കുകപോലും ചെയ്യാതെ നേരെ അവളുടെ പുറകേ ആടിപ്പോവുകയാണ്. ഞങ്ങളാവട്ടെ പ്രജീഷേ പ്രജീഷേ.. എന്നു പറഞ്ഞു പുറകെ. ആ കുട്ടികൾ ഡാം കാണാൻ കയറിയപ്പോൾ പ്രജീഷ് ഡാം കാണാൻ കയറി. അവർ ഡാമിന്റെ അരികിലൂടെ നടക്കുമ്പോൾ പ്രജീഷും ഡാമിന്റെ അരികിലൂടെ....!!! അതും ആ കുട്ടിയുടെ തൊട്ടടുത്തു കൂടെ. ആ കൊച്ചിന്റെ കൂടെയുള്ള എല്ലാ കുട്ടികളും പ്രജീഷിനെ തറപ്പിച്ചു നോക്കുന്നുണ്ടെങ്കിലും മൂപ്പർക്ക് യാതൊരു കുഴപ്പവുമില്ല. ആശാൻ പേരും ചോദിച്ചു നടന്നു നീങ്ങുകയാണ്. പെട്ടെന്ന് അങ്ങോർ ആ കുട്ടിയെ കെട്ടിപ്പിടിക്കുകയും (കട്ടയ്ക്കു കട്ട നിൽക്കുന്ന പെരുത്ത ചൂടും പുറത്ത്) ഐ ലവ് യൂ... മോളൂ... എന്ന് പറയുന്നു. തൊട്ടടുത്ത നിമിഷം ഒരു പടക്കം പൊട്ടുന്ന ശബ്ദമാണ് കേട്ടത്. പിന്നെ കണ്ടത് കോളേജിൽ നിന്ന് വന്ന സകല ആൺകുട്ടികളും പ്രജീഷിനെ എടുത്ത് പെരുമാറുന്നതാണ്. അൽപ്പനേരം കൊണ്ട് പ്രജീഷ് ദാ കിടക്കുന്ന താഴെ. അപ്പോൾ ഹരിശ്രീ അശോകൻ പറഞ്ഞ ഡയലോഗാണ് എനിക്കോർമ്മ വന്നത് ..കാവടി കളിച്ചുപോയയാളാ ദേ കണ്ടില്ലേ ട്രാജഡിയായി കിടക്കുന്നത്...
പിന്നെ വീണിടത്തു നിന്നു പ്രജീഷിനെ എണീപ്പിച്ചു വണ്ടിയേൽ കയറ്റി തിരിച്ചു പോന്നു. പിന്നീടൊരിക്കലും പ്രജീഷ് വെള്ളമടിച്ചു കഴിഞ്ഞാൽ പെൺകുട്ടിളെ നോക്കാറേയില്ല...

Monday, May 2, 2011

ബിന്‍ ലാദന്‍ വെടിതീര്‍ന്നു...

ബിന്‍ ലാദന്‍ വെടിതീര്‍ന്നു... സാക്ഷാല്‍ ബരാക് ഒബാമ നേരിട്ട് പറഞ്ഞത് കൊണ്ട് വിശ്വസിക്കാം. പക്ഷെ കേരളത്തിലുള്ള ചില ബ്ലോഗ്ഗെര്മാര്‍ ഇനി ഒസാമയെ വഴ്ത്തിപ്പാടും.. പാവം കാഴ്ചക്കാര്‍ അതും കാണേണ്ടി വരും... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിന്‍ ലാദന്‍ തീവ്രവാദി അല്ലാതാകുന്നില്ല. അയാള്‍ കൊന്ന പാവം മനുഷ്യരുടെ ആത്മാക്കള്‍ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്. ആത്മാര്‍ഥമായി പറയട്ടെ ബിന്‍ ലാദന്‍ മരിച്ചതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു. കാരണം അയാള്‍ മരണം അര്‍ഹിക്കുന്നു അമേരിക്കയുടെ നേരെ വിമാനം പരത്തി കളിച്ചപ്പോള്‍ ലാദേട്ടന്‍ വിചാരിച്ചില്ല അമേരിക്ക തിരിച്ചു പണിയും എന്നുള്ളത്. ഈ കള്ളന്മാര്‍ കുറച്ചു കാലം ലോകത്തെ പറ്റിച്ചു കഴിയും പക്ഷെ എല്ലാക്കാലത്തും ഇത്തരം കഴുകന്മാര്‍ക്ക് രക്ഷപെടാന്‍ സാധിക്കില്ല.... അതിന്റെ തെളിവായി ഒസാമയുടെ മരണം ഇത്തരക്കാര്‍ക്ക് മുന്നില്‍ ഉണ്ടാവും...!!!

Friday, April 29, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.

അതെ.... ഇന്ത്യന്‍ സര്‍ക്കാര്‍ എത്രയൊക്കെ വിയര്‍പ്പൊഴുക്കി കഷ്ടപ്പെട്ട് ശ്രമിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുന്നു. ഒരു സര്‍ക്കാര്‍ എന്ന് പറയുന്നത് ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ് പണ്ട് പൊളിറ്റിക്സ് ക്ലാസ്സില്‍ മോഹനന്‍ മാഷ് പറഞ്ഞത്‌. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന സര്‍ക്കാര്‍ കുത്തക മുതലാളികളുടെ താല്പര്യം സംരക്ഷിക്കാം വേണ്ടി അവര്‍ തന്നെ പടച്ചുണ്ടാക്കുന്ന ഒന്നാണ് എന്നതാണ്. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ ആകുന്നത് ? ഇതിനുള്ള മറുപടി എന്ന് വെച്ചാല്‍ മന്ത്രിമാരുടെ പണത്തോടുള്ള കൊതി തന്നെ.... എന്തെങ്കിലും ഒന്ന് തുറന്നു പറഞ്ഞാല്‍ അത് രാജ്യദ്രോഹ കുറ്റം ആകും. കാരണം ഇപ്പോഴുള്ളത് ബ്രിട്ടീഷ്‌ കാലത്തെ നിയമം ആണ്. എന്നിരുന്നാലും അന്ന ഹസാരെയെപ്പോലെ ചുണയുള്ള ഗന്ധിയന്മാര്‍ ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നു എന്നുള്ളത് എന്നെപ്പോലെ സാധാരണക്കാരായ പാവങ്ങള്‍ക്കൊരു ആശ്വാസമാണ്.
എന്‍ഡോസള്‍ഫാന്‍ വാദിച്ച മന്ത്രിമാര്‍ ഒരു കാര്യം മനസിലാക്കണം, നിങ്ങള്‍ പുല്ലു പോലെ തള്ളിക്കളയുന്നത് ഞങ്ങളുടെ ജീവനെയാണ്‌. ഞങ്ങളുടെ കൊച്ചനുജന്മാര്‍....!! ഞങ്ങളുടെ കൊച്ചനുജത്തിമാര്‍.....! അവര്‍ക്ക്‌ ഈ ലോകത്തിലൂടെ പാറി പറന്നു നടക്കാനുള്ള ആഗ്രഹതെയാണ്‌ നിങ്ങള്‍ നിഷ്ടൂരമായ വാക്കുകള്‍ കൊണ്ട് ജനീവയില്‍ ഇന്ത്യയുടെ നാണം കെടുത്തിയ പ്രസ്താവനയിലൂടെ തള്ളിക്കളയാന്‍ ശ്രമിച്ചത്‌. അത് കൊണ്ട് മറക്കരുത് ദൈവം താമസിക്കുന്നത് ആദര്‍ശ് ഫ്ലാട്ടുകളിലോ... നോട്ടുകെട്ടുകളുടെ മടിയിലോ അല്ല. അവന്‍ പാവങ്ങളുടെ ഇടയില്‍... പണിക്കാരുടെ... ഇടയില്‍ ജീവിക്കുന്നു. അവനറിയാം കുട്ടികളുടെ വേദനെയെ... അച്ഛന്റെ, അമ്മയുടെ കണ്ണീരിനെ... ഏട്ടെന്റെ കരുതലിനെ... ഏട്ടത്തിയുടെ സ്നേഹത്തെ.. അതിന്റെ പ്രതിധ്വനി നിങ്ങള്‍ ജനീവയില്‍ കണ്ടതല്ലേ... ഇനിയെങ്കിലും നിങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി വരൂ...