Tuesday, June 7, 2011

മാന്യതയുടെ ലോകം


കോഴിക്കോട് നിന്നും ജോലിസ്ഥലമായ കൊച്ചിയിലേക്ക് പോകാൻ ഇന്ത്യൻ റെയിൽവേ എന്നോട് കൃത്യം 118 രൂപ ഈടാക്കാറുണ്ട്. അവരുടെ വണ്ടി, അവരുടെ ഇഷ്ടം. നമ്മളതൊന്നും ചോദ്യം ചെയ്യാൻ പോകുന്നില്ല. പക്ഷേ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കയറി ഒരു ടിക്കറ്റെടുക്കണമെങ്കിലുള്ള കഷ്ടപ്പാട് ഒന്നു വേറെ തന്നെ. ടിക്കറ്റ് കിട്ടാൻ വേണ്ടി ഒരു നീണ്ട ക്യൂ...... നീളം അന്നോടുന്ന മുഴുവൻ ട്രെയിനിന്റെ ബോഗികളുടെ എണ്ണത്തെ കവച്ചു വെക്കും ഇത്തരം ഒരു നാല് കൗണ്ടറുകൾ...!!! ഒരാൾക്ക് ഒരു ടിക്കറ്റ് കൊടുക്കാൻ ഏതാണ് 2-3 മിനിട്ട് എടുക്കും. കൗണ്ടറിലിരിക്കുന്ന വയസ്സായ ഒരു കാർന്നോര് വളരെ പതിയെ അങ്ങേരുടെ കയ്യിൽ കിട്ടുന്ന കാശ് ഒന്നു നോക്കി തിരിച്ചും മറിച്ചും പിടിച്ച്...,,, പിന്നെ വളരെ വളരെ പതുക്കെ കംപ്യൂട്ടറിന് വേദനിക്കുമോ ഈശ്വരാ എന്നു വിചാരിച്ച് ഒന്ന് പതിയെ അങ്ങട്ട് ഞെക്കും അപ്പഴ് ഒരു റെസീറ്റ് പ്രിന്ററിന് നോവുമല്ലോ കർത്താവേ എന്നു പ്രാർത്ഥിച്ച് പുറത്തോട്ട് വരും അത് പുള്ളിക്കാരൻ എടുത്ത് ആകാശത്തോട്ട് പിടിച്ച് ഒന്നു നോക്കി ബാക്കി കാശ് ഡ്രോയിൽ നിന്നെടുത്തതിനു ശേഷം രശീതി പുള്ളിക്കാരൻ പതിയെ നമ്മടെ കയ്യിലോട്ട് തരും. ഇത്രയും കാര്യം നടന്നാൽ പിന്നെ പ്ലാറ്റ്ഫോമിലോട്ട് ഓടിക്കോളുക... കാരണം അപ്പോഴത്തേക്കും ട്രെയിൻ പോകാൻ നേരമായിരിക്കും. എത്ര നേരത്തേ വന്നാലും ഇതു തന്നെ സ്ഥിതി.
ഈ ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് ഞാൻ അവിടെക്കിടന്ന പാസഞ്ചറിലേക്ക് ചാടിക്കയറി. ഹോ ഭാഗ്യം.. സീറ്റുകൾ ഒട്ടുമുക്കാലും ഒഴിഞ്ഞു കിടക്കുന്നു. നേരെ ചെന്ന് വിൻഡോ സൈഡിൽ അങ്ങട് ഇരുന്നു. അപ്പോൾ ഒരു ചേട്ടനും ചേച്ചിയും പിന്നെ ഒരു കൊച്ചുമോളും വന്ന് എന്റെ എതിർവശത്തിരുന്നു. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങിയിരുന്നു. കോഴിക്കോടിന്റെ മനോഹരമായ കാഴ്ചകൾ പുറകോട്ട് തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു.കടലുണ്ടി പാലം കഴിഞ്ഞു മുന്നോട്ട് .... അപ്പോഴത്തേക്കും മഴ പെയ്തു തുടങ്ങി. ഞാൻ എന്റെ സൈഡിലെ ഗ്ലാസ് താഴ്ത്തി വെച്ചു. മഴ ശക്തിയാർജ്ജിച്ചു വരികയാണ്.
തൊട്ടു മുമ്പിലിരിക്കുന്ന കുട്ടി കൈകൾ വിൻഡോയുടെ പുറത്തേക്കിട്ട് മഴയത്ത് കളിക്കുകയാണ്. അവളുടെ അച്ഛനും അമ്മയും അധികം സംസാരിക്കാതെ ആ കുട്ടിയുടെ കളികൾ കണ്ടു കൊണ്ടിരിക്കുന്നു. മഴത്തുള്ളികൾ എന്റെ മുഖത്തേക്കും ശരീരത്തെയും ഇടയ്ക്കിടെ വന്ന് നനയ്ക്കുന്നു.
ചേട്ടാ ആ ഗ്ലാസ് ഒന്നു താഴ്ത്തി വെക്കാമോ ? മഴ ദേഹത്ത് വീഴുന്നു. ഞാൻ കുട്ടിയുടെ അച്ഛനോട് പറഞ്ഞു. അപ്പോൾ അങ്ങേര് എന്നെ ഒരു നോട്ടം. പിന്നെ എന്നോട് പറഞ്ഞു. ഇതേയ് ഞാൻ റിസർവ്വ് ചെയ്ത സീറ്റാ എന്റെ മോൾക്ക് ഇഷ്ടമുള്ളത് പോലെ കളിക്കാൻ.
ഹും. റിസർവ്വ് ചെയ്തവർക്ക് ഇങ്ങനെ അഹങ്കാരവും ഉണ്ടാകുമോ..? എന്റെ സ്വഭാവം വളരെ നല്ലതും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും വെച്ച് ഒരു ഏറ്റുമുട്ടലില്ലാതെ ഒഴിവാക്കി കളയാം. കുറച്ച് നനഞ്ഞാലും ഒന്നും പറ്റാനില്ലല്ലോ.. ങ്ഹാ.. ഞാനതും വിചാരിച്ച് ഇരുന്നു.
അപ്പഴ്ത്തേക്കും കുട്ടി അടുത്ത കളിയിലേക്ക് മാറി. അതാ അവൾ വെള്ളമെടുത്ത് കൈക്കുമ്പിളിലാക്കിയിട്ട് എന്റെ മുഖത്തേക്ക് കണക്കാക്കി എറിയുന്നു. എന്റെ സർവ്വ നിയന്ത്രണവും പോയി. ഞാനാ കുട്ടിയുടെ അച്ഛന്റെ നേരെ ഒരൊറ്റ നോട്ടം തീപാറുന്ന നോട്ടമായിപ്പോയോ എന്നൊരു സംശയമുണ്ട്. ഞാൻ ചോദിച്ചു. ചേട്ടാ കുട്ടിയെ കുറച്ചു ഒതുക്കി വളർത്തരുതോ ? (ചോദിക്കാൻ കാരണമുണ്ട്. ഈ കുട്ടിക്ക് ഒരു പത്തു പന്ത്രണ്ട് വയസ്സു വരും ഈ പ്രായത്തിൽ ഇങ്ങനത്തെ കളി കളിക്കാൻ പാടുണ്ടോ)
ഇത് കേട്ടതും അയാൾ ആ കുട്ടിയോട് അടങ്ങിയിരിയെടീ... എന്നു പറഞ്ഞ് ഒരൊറ്റ അടിയാണ്. പിന്നെ ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് എണീറ്റുപോയി. കുട്ടി കരച്ചിലും തുടങ്ങി. അപ്പോൾ ആ ചേച്ചി ആദ്യമായി എന്റെ മുഖത്തേക്ക് നോക്കി. പിന്നെ എന്നോട് പറഞ്ഞു. സുഖമില്ലാത്ത കുട്ടിയാ അതാ.... പുള്ളിക്കാരൻ വിഷമം കൊണ്ടാണ് ഇങ്ങനെയൊക്കെ... ഇതു കേട്ടതും എന്റെ ഫ്യൂസ് പോയി. ഞാനാ കുട്ടിയുടെ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കി ഹേയ്, കുഴപ്പമൊന്നും തോന്നുന്നില്ല.
ചേച്ചീ എന്താ കുട്ടിക്ക് പ്രശ്നം? ..
അവൾക്ക് തൊണ്ടയിൽ ചെറിയ ഒരു... ഞങ്ങൾ തിരുവനന്തപുരത്തേക്ക്.. (അതേ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ) എന്റെ മനസ്സിൽ ഒരു വൈക്കോൽകൂന കത്തിയമർന്നു.. ഞാൻ ഭൂമിയോളം ചെറുതായി... ]ഞാനാ കുട്ടിയുടെ മുഖത്തേക്ക് നോക്കി. പെയ്തു തീരുന്ന മഴയുടെ അവസാനത്ത തുള്ളികളെ വിരൽതുമ്പുകൾ കൊണ്ട് ശേഖരിക്കുകയാണ് ആ മോൾ. പാവം... കൂടിയാൽ 12 വയസ്സ് ... ഞാനോ...? ദൈവം എന്നെ 23 വയസ്സു വരെ എത്തിച്ചിരിക്കുന്നു. ആ ഞാൻ പറയരുതാത്ത വർത്തമാനമായിപ്പോയി. കുട്ടീ നിന്നോട് ഞാൻ മാപ്പ് ചോദിക്കുന്നു. അവിടം തൊട്ട് എറണാകുളത്തിറങ്ങുന്നതുവരെ ഞാൻ നിശ്ശബ്ദം മാപ്പ് ചോദിച്ചു. ഇനി ഒരിക്കലും കാരണമറിയാതെ ക്ഷോഭിക്കരുത് എന്ന് എന്നെ ദൈവം പഠിപ്പിച്ചിരിക്കുന്നു.