Wednesday, April 27, 2016

നിലാവിനൊപ്പം..

ഇടയ്ക്കിടെ മുഖത്തേക്ക് പൊടി പാറി വീഴുന്നത് അവൾ കൈ കൊണ്ട് തുടച്ച് കളയുന്നത് അൽപ്പമൊരു കുസൃതിയോടെ ഞാൻ ബൈക്കിന്റെ റിയർവ്യൂ മിററിലൂടെ നോക്കിക്കൊണ്ടിരുന്നു. യാതൊരു സങ്കോചവുമില്ലാതെയായിരുന്നു അവളെന്നോട് ചേർന്നിരുന്നത്. എന്റെയാരുമല്ല ഇവൾ, ഭാര്യയോ, സഹോദരിയോ, കാമുകിയോ, സുഹൃത്തോ ഒന്നുമല്ല.. ഒരു ദിവസം ഞാനെന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയ അന്നാണ് ആദ്യമായിവളെ കാണുന്നത്. വാതിലിനു മറവിലൂടെ ഞങ്ങളുടെ സംഭാഷണം ഒളിഞ്ഞിരുന്ന് കേൾക്കുന്നത് പലപ്പോഴും ഞാൻ ശ്രദ്ധിച്ചു. അവളുടെ മുടി നെറ്റിയിലൂടെ താഴേക്ക് ഊർന്ന് കിടക്കുന്നുണ്ടായിരുന്നു, കണ്ണുകൾ ഓമനത്തം നിറഞ്ഞതുമായിരുന്നു.. ആദ്യത്തെ ദിവസം ഞാൻ വിചാരിച്ചത് അവൾ സുഹൃത്തിന്റെ സഹോദരിയോ മറ്റോ ആയിരിക്കുമെന്നായിരുന്നു, എന്നാൽ പിന്നീടാണ് അവൻ പറഞ്ഞത് അവന്റെമ്മയുടെ ബന്ധുവാണത്രെ ആ പെൺകുട്ടി. അവിടെ നിന്ന് തിരികെ വീട്ടിൽ വന്നതിനുശേഷം എനിക്ക് എന്റെ കാമുകിയെക്കുറിച്ച് തന്നെയായിരുന്നു ചിന്ത, അതിനാൽ പിന്നീടിവളെ മറന്നുംപോയി.
കുറേ ദിവസങ്ങൾക്കൊടുവിൽ ഒരു കടുത്തചതിയുടെ തളർച്ചയിൽ നിൽക്കുമ്പോഴാണിവൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത്, ആദ്യമായി കണ്ടയുടനെ അവളെന്റെ കണ്ണുകളിലേക്കാണ് നോക്കിയത്. എന്തുകൊണ്ടൊ എനിക്കവളെ ഇഷ്ടമായി. പ്രണയമോ മറ്റുള്ള വികാരങ്ങളൊന്നും തന്നെ തോന്നിയില്ല, എങ്കിലും ഞാനവിടെ നിന്ന് പോരുമ്പോൾ അവളീ ബൈക്കിന്റെ പുറകിൽ കയറിപ്പറ്റിയിരുന്നു. നിരാശ വല്ലാതെ ചൂഴ്ന്ന് എന്നെ കൊന്നൊടുക്കുമ്പോൾ മരുന്നായി ദൈവം കൊടുത്തുവിട്ടതുപോലെ തോന്നി ചിലപ്പോഴൊക്കെ ഇവളുടെ സംസാരം കേൾക്കുമ്പോൾ! ബൈക്ക് മെയിൻ റോഡ് വിട്ട് ഇടവഴിയിലേക്ക് തിരിഞ്ഞു.. ഇരുവശത്തും കാട് മൺറോഡ് വേഗം കുറച്ച് ലൈറ്റ് ഡിമ്മിലിട്ട് സൂക്ഷ്മതയോടെ ഞാൻ ബൈക്കോടിച്ചു. ഇവൾ കൂടെയില്ലായിരുന്നെങ്കിൽഒരുപക്ഷേ അമിതവേഗതിയലാകുമായിരുന്നു ഞാനീ രഥമോടിക്കുക.. കഴിയുമെങ്കിൽ ആഴങ്ങളിലേക്ക് പറത്താനും ശ്രമിച്ചേനെ.. എന്നാലിപ്പോൾ കുസൃതി നിറഞ്ഞ ചിരിയും, ആരെയും കൂസാത്ത ഭാവവുമുള്ള ഇവളെ നോവിക്കാനാവില്ലല്ലോ...!
തൊട്ടു മുന്നിൽ കുറച്ച് ദൂരെയായി ഒരു ബുള്ളറ്റ് കാതടപ്പിക്കുന്ന ശബ്ദത്തോടെ പോവുന്നുണ്ടായിരുന്നു. അയാളുടെ ഡ്രൈവിംഗിൽ ഉള്ള കഴിവ് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല, അതോടൊപ്പം ബൈക്കിൽ നിറഞ്ഞിരിക്കുന്ന ആ മനുഷ്യന്റെ പിൻഭാഗത്ത് നിന്നുള്ള കാഴ്ച അൽപ്പം കൗതുകമുളവാക്കുന്നതായിരുന്നു, ഒരു കുട്ടിയാന ബുള്ളറ്റിൽ കയറിയിരുന്നോടിക്കുംപോലെയാണെനിക്ക് തോന്നിയത്. പെട്ടെന്നാണ് ഒരൊറ്റവെട്ടിക്കലിന് ആ ബുള്ളറ്റ് അപ്രതീക്ഷിതമായി താഴെയൊരു പൊന്തക്കാട്ടിലേക്ക് പതിച്ചത്, ബ്രേക്ക് ചെയ്യലിനിടെ എന്റെ ബൈക്ക് നേരെ വിലങ്ങനെ തിരിഞ്ഞുനിന്നു, പുറകിലവൾ ഭയം നിറഞ്ഞൊരു ശബ്ദം പുറപ്പെടുവിച്ചു, ചാടിയിറങ്ങി പൊന്തക്കാട്ടിലേക്ക് നോക്കി ബുള്ളറ്റ് കാൺമാനില്ല, തലയ്ക്ക് കൈവെച്ച് കുറച്ച് നേരം ഇരുന്നുപോയി..
ടോർച്ചുണ്ടോ? അവളുടെ ചോദ്യം തൊട്ട് പുറകിൽ നിന്ന് ഞാനവളെ ഇരുന്നിടത്ത് നിന്നൊന്നു തിരിഞ്ഞുനോക്കി, ഊരക്ക് കയ്യും കൊടുത്ത് കൂസലില്ലാതെ നിൽക്കുന്നു പിശാശ്!!!! ഇതെന്ത് സാധനാണ്, പെണ്ണാണോ എന്ന സംശയം വരെ എനിക്ക് തോന്നി..
ഇല്ല, ഒരു വാക്കിൽ മറുപടിയൊതുക്കി.. പൊന്തക്കാടിലൊരനക്കം, കാട് വകഞ്ഞ് മാറ്റി അയാൾ കയറി വന്നു, മുട്ടുകളിൽ നിന്നും മറ്റും ചോരയൊലിക്കുന്നുണ്ട്, ഓഹ്, നശിച്ച ആ പന്നി, കൊല്ലും ഞാനതിനെ കയ്യിൽ കിട്ടിയിൽ, കോപാക്രാന്തനായി പുലമ്പിക്കൊണ്ടയാൾ നിലത്തിരുന്നു. ഇനി ആ പണ്ടാരം വണ്ടി കയറ്റാൻ ഏതവനെ വിളിക്കുമോ എന്തോ...
എനിക്ക് ശ്വാസം തൊണ്ടയിൽ കുടുങ്ങി അയാളൊടൊന്നും ചോദിക്കാൻ തോന്നിയില്ല.. കുറച്ചുനേരം കുനിഞ്ഞിരുന്ന് കിതച്ച ശേഷം അയാളെന്നെ നോക്കി, പിന്നെയവളുടെ മുഖത്തേക്കും. പെട്ടെന്ന് ആ തടിച്ച മുഖത്തൊരു സരസഭാവം വിരിഞ്ഞു, ഇതൊക്കെ ഇവടെ പതിവാണ് നിങ്ങള് പേടിച്ചോ.. കുലുങ്ങി കുലുങ്ങി ചിരിച്ചു കൊണ്ടയാൾ എണീറ്റു.. രണ്ടാളും എവിടേക്കാ..? എന്റെ തൊണ്ടയിൽ നിന്ന് ഒന്നും തന്നെ പുറത്തുവരുന്നില്ല, ഇനി സംസാരിക്കാനാവില്ലേ എന്ന് വരെ എനിക്ക് തോന്നിപ്പോയി..
എന്നാൽ നിമിഷം കൊണ്ടവൾ അയാളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു, മൈസൂരിലേക്കായിരുന്നു എളുപ്പവഴി നോക്കി വന്ന് വഴി തെറ്റീതാ...
ഒരു നിമിഷം സംശയിച്ച ശേഷമയാൾ പറഞ്ഞു, ഞാനിവടെ പള്ളീലാണ്, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഇന്നെന്റെ കൂടെ പോരാം..
ആ പണ്ടാരപന്നി മിക്കവാറും വട്ടം ചാടാറുണ്ട്, ഇന്നവനെന്നെ വീഴ്ത്തി, അധികം വൈകില്ല, അവന് ഞാനൊരു പണി കൊടുക്കും. (പാപം ചെയ്യാൻ ചിന്തിച്ചേന് കർത്താവ് അച്ചനോട് പൊറുക്കട്ടെന്ന് മനസ്സിൽ ഞാൻ പറഞ്ഞു)
കുറച്ചപ്പുറം തന്നെയായിരുന്നു പള്ളിമേട, അച്ഛനും അവളും നടന്നാണ് വന്നത്. ഞാൻ ബൈക്ക് പാർക്ക് ചെയ്ത് അവർക്കായി കാത്തു നിന്നു.. അവർ രണ്ടുപേരും അകത്തേക്ക് നേരെ നടന്നുകയറി, അവൾ തല കൊണ്ട് കയറി വരൂ എന്ന് കാണിച്ചെങ്കിലും ഞാൻ ദൂരേക്ക് നോക്കി ഇരുട്ടിൽ നിൽക്കാനാണാഗ്രഹിച്ചുത്. അകത്തുനിന്നു രണ്ടാളുടെയും തമാശകളും ചിരിയും വിശേഷങ്ങളുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.
തുടരും...